Monday, April 13, 2009

മാത്രുഭാഷയുടെ മാധുര്യം.

മലരണിഞ്ഞീടുന്ന മാമലകള്‍
മധുരസ്മിതം തൂകുമെന്റെ നാട്‌
അലയാഴി കാവലായ്‌ കാത്തു നില്‍കും
മലയാളനാടെന്റെ ജന്മനാട്‌

കളകളം പാടിയൊഴുകി ന്രുത്തം
കളിയാടിയോടുമരുവികളും
കിളികളുമിളകിപ്പറന്നു വാനില്‍
പുളകമണിയിക്കും പുണ്ണ്യനാട്‌

പലതരമായുള്ള ഭംഗി തിങ്ങും
ഫലമൂലമങ്ങു നിറഞ്ഞു മിന്നും
ഉലകത്തിനേകാന്‍ വിഭവമേറും
കലവറയാണെന്റെ ജന്മ നാട്‌

കേരളമെന്നുപേര്‍ ലോകമെങ്ങും
കേളിയേറീടും പവിത്ര നാട്‌
ധീരവീരര്‍ക്കെത്ര ജന്മമേകി
സാരസങ്കേതമാമെന്റെ നാട്‌

മലയാളമാണെന്റെ മാത്രുഭാഷ
മഹിയില്‍ മഹസ്സെഴും പുണ്ണ്യഭാഷ
മാമകജീവനില്‍ ചേര്‍ന്നിരിക്കും
മാനസ്സക്കോവിലില്‍ ഗീതമായും

മായാത്തമുദ്ര പതിച്ച ഭാഷ
മായാമയൂരമായ്‌ ന്രുത്തമാടും
മതിയായ്‌ മനസ്സില്‍ മധുരമായും
മതി,മതിയമ്മയായ്‌ നിന്നെ മാത്രം!

കതിരൊളിവീശിയെന്‍ ജീവകാലം
കാതില്‍മുഴങ്ങിടും സര്‍വകാലം
കതിരോന്റെ കിരണങ്ങള്‍ മാറിയാലും
കനകത്തിന്‍ കാന്തി കുറഞ്ഞെന്നാലും

കനവിലും കന്റിടും നിന്റെകാന്തി
കമനീയമാണെന്റെ മാത്രുഭാഷ
കവിയാക്കിയെന്നെയെന്നമ്മ ധന്യേ
കൈകൂപ്പി നമ്രനായെന്‍ശിരസ്സും

അമ്മേനിന്‍ പാദങ്ങള്‍ ഞാന്‍ നമിപ്പൂ
ചെമ്മേവിളങ്ങു നീയെന്മനസ്സില്‍
ജന്മമെനിക്കു വേറുണ്ടാകിലും
അമ്മേ നീ മാത്രമെന്‍ ജന്മഭാഷ

മറുനാട്ടിലാകിലും മാനസ്സത്തില്‍
മാത്രുസ്നേഹത്തിന്റെ മാധുര്യം പോല്‍
മറ്റൊന്നുമില്ലേയമൃതമല്ലോ
മലയാളഭഷയെന്‍ മാത്രുഭാഷ!.



ചാക്കൊ ഇട്ടിച്ചെറിയ

ചിക്കാഗൊ