Tuesday, March 20, 2012

അനന്തമായ ജീവിതം
=================
അനന്തമായജീവിതംഎനിയ്ക്കുതന്നദൈവമേ
കനിഞ്ഞുനിന്‍കരുണയാല്‍ മലിനമെന്റെഹൃത്തടം
ഒഴിച്ചിടുന്നുവീണ്ടുമേ നിറച്ചിടുന്നുനിത്യമായ്
പുതുക്കമാര്‍ന്നജീവിതംപ്രസാദമാക്കി മല്പ്രഭോ !

സമസ്തവുംനിനക്കധീനമെന്റെദേഹിദേഹവും
വിശുദ്ധമാക്കിലോകവാസമൊക്കെയും ഫലപ്രദം
സമര്‍പ്പിതം മ സര്‍വവുംജഗത്ഗുരോസമൃദ്ധമായ്
എനിയ്ക്കുജീവനേകിനീനയിക്ക,നിത്യവാസവും

പ്രഭാതവുംപ്രദോഷവും ഇടയ്ക്കുവന്നുനേരിടും
പകല്‍ക്കിനാക്കള്‍ചിന്തയെന്‍പ്രവൃത്തിയൊക്കെരമ്യമായ്
നടപ്പിലുംകിടപ്പിലുംതിരുക്കരത്തിലെന്നെ നീ ‍
വഹിച്ചു നിന്‍കരുണയാല്‍ നടത്തിടുന്നദൈവമേ

നിനക്കനിഷ്ട്മായ്ഭവിപ്പതൊന്നുപൊലുമെയെനി
യ്ക്കകക്കുരുന്നിലേശിടാതെകോട്ടകെട്ടിഭദ്രമായ്‌
എന്‍റെഅന്തരംഗവും അധരഭാഷണങ്ങളും
വികാരധാരയൊക്കെയും വിശാലമായ്ഭവിച്ചിടാന്‍

ഇഹത്തിലുള്ളമര്ത്യരെന്‍സഹോദരങ്ങളൊക്കെയും
പെരുത്തജീവജാലവുംപൊരുത്തമോട് വാണിടാന്‍
അകക്കുരുന്നിലഗ്നിയായ് എരിഞ്ഞുദീപനാളമായ്
പ്രകാശമെന്റെപാതയില്‍ പരത്തിനീനയിച്ചിടൂ!

അനന്തമായജീവിതംഎനിയ്ക്കുതന്ന ദൈവമേ
നിറയ്ക്കനിന്റെശക്തിയാല്‍ ദിനംദിനംകൃപാനിധേ
പദാംബുജംനമിച്ചിടുന്നു പുണ്ണ്യതീര്‍ഥമെത്തിഞാന്‍
പറഞ്ഞിടുന്നുപാപമേറ്റുകൊള്ളുകെന്നെ മല്പ്ര്ഭോ !


ചാക്കോ ഇട്ടിച്ചെറിയ ,ചിക്കാഗോ

Tuesday, December 13, 2011

വെള്ളക്കാരുടെ നാട്ടില്‍ ൧.
--------------------------
കാനനച്ചോലയുംകാട്ടുമല്ലിപ്പൂവു
മാനായുംമാനുംമരീചികയും
ഊട്ടുപുരകളുംപള്ളിമഞ്ച്ങ്ങളു
മാട്ടവുംപാട്ടുംകുരവകളും

കാടുകള്‍മേടുകള്‍കാട്ടറരുവിയു
മോടിയെത്തുന്നമന്ദാനിലനും
പാടങ്ങള്‍മഞ്ഞണിത്തോപ്പുകളീവിധം
പാരമ്യമാര്‍ന്നവിഹാരരംഗം

ഗ്രാമംമനോഹരംസായൂജ്യമേകുന്നു
ഗ്രാമീണചിത്തംചിരിച്ചിടുന്നു
ശാന്തഗംഭീരമാണീഗ്രാമപൂവനം
ബാന്ധവംയോഗ്യമാണേതൊരാള്‍ക്കും

കാലങ്ങള്‍പിന്നിട്ടുപോംവഴിക്കെന്നുടെ
കോലവുംവന്നുപിറന്നീനാട്ടില്‍
നാട്ടിന്‍റെനന്‍മകളൊക്കെയുമാസ്വദി
ച്ചോടിക്കളിച്ചുഞാന്‍നാലുപാടും

കാലങ്ങള്‍വീണ്ടുംകഴിഞ്ഞുപോയ്‌മൂകമാ
യീലോകസത്യങ്ങള്‍ മാറിവന്നു
നാട്ടിന്‍റെനന്‍മകളാസ്വദിച്ചാല്‍പോരാ
ധാടിയുംമോടിയുംകൂടെവേണം

സമ്പല്‍സമൃദ്ധമാണീനാട് ഭാവന
എമ്പാടുമേകുന്നപുണ്യഭൂമി
എന്നാലുമിക്കാലകോലഹാലങ്ങള്‍കൊ
ണ്ടിന്നാടുവിട്ടിടാന്‍വെമ്പലായി

ഇന്നാട്ടിലന്ന്യന്റെയാധിപത്യംകുറി
ച്ചന്നുമുതല്‍വന്നവെള്ളക്കാരെ
വിസ്മയദൃഷ്ടിയാല്‍വീക്ഷിച്ചുഞാന്‍പല
കശ്മലന്‍മാരെയുംകണ്ടുവീണ്ടും

പാശ്ചാത്യനാട്ടിലെപൌരപ്രാമാണികള്‍
‍ആശ്ചര്യമോടിവിടൂളിയിട്ടു
ഏറെനാള്‍ചൂഷണംചെയ്തെന്റെനാട്ടിനെ
മാറുകില്ലെന്നുശഠിച്ചുനിത്യം

ഈസ്ഥിതിമാറ്റുവാനേറ്റമുല്സാഹിച്ച
നിസ്തുലവര്യനാംബാപ്പുജിയെ
തീര്‍ത്തുംതിരസ്കരിചീടുവാന്‍പറ്റാതെ
ആര്ത്തരായ്നാടുവിട്ടോടിപ്പോയി

ഇക്കഥയൊക്കെശരിക്കുംപഠിച്ചഞാന്‍
ഇക്കരെനില്ക്കുമ്പൊഴെന്തുസാധ്യം!
ചെക്കനാണേലുമെനിക്കുപ്രതികാര
വാക്കാണവറ്റയോടെല്ലയ്പ്പോഴും

തുടരും --

Monday, December 5, 2011

വെള്ളില്‍പ്പറവകള്‍ ‍
------------------
വെള്ളില്‍പ്പറകളേ നിങ്ങളിന്നെന്റെ
ഉള്ളില്‍ കുളിരേകി മോഹനങ്ങള്‍!
പാറിപ്പറന്നു നീലാകാശ സീമയി
ലേറുമെന്‍ മാനസ മോപ്പമെത്തി

നിങ്ങളെയൊന്നു താഴുകിപ്പുണരുന്ന
നിര്‍വൃതി തന്നില്‍ ലയിച്ചിടുമ്പോള്‍
നീലവാനിന്റെ നെറുകയിലാരിട്ടു
നിസ്തുലമാകും തിലകക്കുറി!

നിങ്ങള്‍ക്കതിര്‍ വരമ്പില്ലാത്ത നീലിമ
എങ്ങും പ്രശാന്തമാ മന്തരീക്ഷം
പോങ്ങിപ്പറന്നുപോം വേളയിലില്ലയോ
തിങ്ങുന്ന മോദം ചിറകടിയാല്‍

ഞങ്ങള്‍ മനുഷ്യര്‍ നടക്കുന്ന പാതകള്‍
മങ്ങലേല്പ്പിക്കും മഹാരധന്മാര്‍
ചങ്ങാതികള്‍ ചമഞ്ഞൊത്തുകൂടീടിലും
പൊങ്ങച്ചമൊക്കെ പ്പറഞ്ഞീടിലും

ഉള്ളിലിരിപ്പതസൂയ കുശുംപുകള്‍
എള്ളോളമന്ന്യന്നു നന്‍മ ചെയ്‌വാന്‍
ഉള്ള മനസ്ഥിതിയില്ലാത്തവര്‍ വെറും
പൊള്ളത്തരങ്ങള്‍ പൊതിഞ്ഞു വയ്പോര്‍!

എങ്ങുപോയ് നിങ്ങളെന്‍ ചങ്ങാതികള്‍ മനം
തങ്ങുന്നു നിങ്ങള്‍തന്‍ ചാരെ നിത്യം
വിങ്ങുന്നു മാനസ മീവഴിത്തരവി
ട്ടെങ്ങോ അലയുന്നു നിര്‍വൃതിക്കായ്

ഹായെത്ര സുന്ദര സൌഭാഗ്യ ജീവിത
മീയുലകത്തില്‍ നിങ്ങള്‍ക്കു വന്നു
വെള്ളില്‍പ്പറവകളേ വെളിച്ചം വീശി
ഉള്ളിലെന്‍ ചേതന ധന്യമാക്കൂ!

എത്ര വിശുദ്ധമേ നിങ്ങള്തന്‍ ജീവിതം
എത്രനാള്‍ ജീവിച്ചുവെന്നാകിലും!
നിങ്ങള്‍ വിതക്കില്ല കൊയ്യില്ല ശേഖരി
ച്ചെങ്ങും കളപ്പുര ചേര്പ്പതില്ല

എന്നാലും ഇന്നും പുലര്‍ത്തുന്നു നിങ്ങളെ
നന്നായി സൃഷ്ടിച്ച സര്‍വേശ്വരന്‍
ഒന്നിന്നുമില്ല കുറവ് യഹോവയി
ലൊന്നാശ്രയിപ്പോര്‍ക്ക് ഭൂവിലേതും!.


ചാക്കോ ഇട്ടിച്ചെറിയ - ആയൂര്‍
വീണുടഞ്ഞോ ന്യൂയോര്‍ക്കിന്റെ വീര്യം!.
----------------------------------------
കഷ്ടംകരഞ്ഞു കരളൊന്നുപിടഞ്ഞുഞെട്ടി
പെട്ടെന്നെണീറ്റു കരമാഞ്ഞുപതിച്ചുചങ്കില്‍
പൊട്ടിത്തെറിച്ചു പൊടിയായിവളിത്രമേലില്‍
കെട്ടിക്കിളര്‍ത്തിയ മനോഹരരക്നസൗധം

സെപ്തംബര്‍പതിനൊന്നു രണ്ടായിരത്തൊന്നില്‍
വീണുടഞ്ഞോന്യൂയോര്‍ക്കിന് വീര്യമീകൊടുംകാറ്റില്‍
തട്ടിത്തകര്‍ത്തു വിധിതന്‍വെടിയുണ്ടകേറീ
മട്ടില്പ്പതിച്ചുപരനേമതി! ബാക്കിപിന്നെ

വാരിപ്പുണര്ന്നഹ മനോഹരമാംനഭസ്സെ
വ്യാപാരകേന്ദ്രദ്വയമങ്ങു ലസിച്ചിടുമ്പോള്‍
ആരമ്യഹര്മ്യമതിലായിരമായിരങ്ങള്‍
ആനന്ദനിര്‍വൃതിയിലാണ്ടുലയിച്ചിടുമ്പോള്‍

ആളിപ്പടര്‍ന്നധ വനാന്തരവഗ്നിപോലീ
കാളുംനഭസ്സി ലിടിവെട്ടിയമാര്‍ന്നുശീഘ്രം
കാലന്‍കടന്നിവിടെ നിന്നുകവര്‍ന്നുജീവന്‍
ബില്‍ലാദന്റെവിദ്യ വിധിചേര്‍ന്നിതുതാലിബാനോ ?

ഉദയസൂര്യന്‍ഞെട്ടി വെട്ടിവെള്ളിടിവാനില്‍
ഞെട്ടറ്റുപതിച്ചെത്ര യായിരംസങ്കല്പങ്ങള്‍
യാതികര്‍നിര്‍ദോഷികള്‍ കര്‍മ്മമണ്ഡലങ്ങളി
ലെത്രയോ ഫയര്‍,പോലീസ്,രക്ഷിതപാരാവാരം

കൂട്ടംവെടിഞ്ഞു സഹായാത്രികരിന്നുവേട്ട
പ്പക്ഷിക്ക് തുല്യമധചത്തുകിടപ്പുകഷ്ടം!
കാട്ടുന്നുക്രൂരത യിതേവിധമക്രമിക്കാന്‍
നാട്ടില്‍ക്കടന്നു നരഭോജികളെ ത്രഹീനം!

കണ്ണേമടങ്ങുക കരഞ്ഞുകരഞ്ഞുമണ്ണായ്
ത്തീരുന്നമര്‍ത്യ വ്യഥയോര്‍ത്തുകലങ്ങിടാതെ
മൃത്യോമയം സകലമിന്നുമനോവിഷാദം
കെട്ടിക്കിടക്കു മവിടത്തിലലഞ്ഞിടാതെ

കൂട്ടായിനിന്നു പടവെട്ടുകനമ്മളിന്നീ
ദുഷ്ടപ്പിശാചിനെതിരായ് നരസ്നേഹിവര്‍ഗ്ഗം
തട്ടിത്തകര്‍ത്ത മനുഷ്യത്വവിഹീനമാംദുര്‍
ശക്തിക്കുനാശമധ വന്നുഭവിക്കുവാനായ്

നേരുന്നുനന്‍മകള്‍ സഹോദരവര്‍ഗ്ഗമേമല്‍
ചാരത്തു ചേതനയിലിങ്ങനെയപ്രമേയം
സംസാരസാഗര മലീമസവാഴ്ച്ചയെക്കാള്‍
സംപ്രാപ്യമായോരുപരം നവജീവനേകാന്‍.


"താരങ്ങളെടുത്തുനീ പന്തടിക്കുംപോള്‍വ്യോമ
തീരങ്ങള്‍പിന്നിട്ടുനീ ഈശനെത്തിരയുംപോള്‍
‍ചാരത്തുമേവും സഹമര്ത്യനീശ്വരന്‍നിന്റെ
കാരുണ്യംകൊതിക്കുന്നു കണ്ണില്ലേകണ്ടീടുവാന്‍"!.



ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍

* 9/11 ന് ട്വിന്‍ ടവര്‍ തകര്‍ക്കപ്പെട്ടപ്പോള്‍ എഴുതിയ കവിത.
നസ്രായനായ ക്രിസ്തു.
----------------------
ഈശ്വരന്‍മനുഷ്യനായ് മര്ത്യരെസ്നേഹിചീടാന്‍
മതത്തിന്നതീതനായ്‌സ്നേഹത്തെപകര്ന്നീടാന്‍
ഒരിക്കല്‍ജനനംപിന്നൊരിക്കല്‍മരണവും
മരണശേഷംന്യായവിധിയുംമനുഷ്യന്നു

നിയമിച്ചിരിക്കയാലറിഞ്ഞുദൈവത്തെനാം
ഭയപ്പെട്ടനുദിനംജീവിതംനയിക്കേണം
മനുഷ്യന്‍സാബത്തിനായല്ലപിന്നെയോസാബ
ത്തുളവായ്മനുഷ്യന്നായ്നസ്രായനരുള്‍ചെയ്തു

തട്ടിമാറ്റിത്തന്‍പുറംകാലിനാല്‍മതത്തിന്റെ
കെട്ടുകള്‍വരമ്പുകള്‍മര്ത്യരോസ്വതന്ത്രരായ്
ന്യായമാല്ലന്ന്യായമായുള്ളൊരുപ്രമാണത്തിന്‍
കീഴിലല്ലിനിമര്‍ത്യന്‍ക്രിസ്തുവില്‍സ്വതന്ത്രനാം

പാപിക്കു‌പാതാളമെന്നല്ലാതെമറ്റൊന്നുമേ
കാണുവാന്‍കണ്ണില്ലാത്തമതബോധത്തെത്തള്ളി
കാല്‍വറിക്കുന്നില്‍കേട്ടസിംഹഗര്‍ജ്ജനംലോക
നീതികള്‍തകര്‍ത്തീടാന്‍പോരുന്നതല്ലീനൂനം

പാപിക്ക്‌പറുദീസാവച്ചുനീട്ടുമാദൈവ
പുത്രന്റെശബ്ദത്തിങ്കല്‍ഞെട്ടിനിന്നുപോയ് ലോകം
നസ്രായനഹിംസതന്‍ചൈതന്ന്യംവിളിച്ചോതി
വിടരുംമനസ്സിന്റെമൌനമന്ത്രങ്ങള്‍ക്കുള്ളില്‍

മതങ്ങള്‍മതങ്ങളീസാധുമര്ത്യരെത്തള്ളി
പറയുംമതങ്ങളോടൊരുചോദ്യചിഹ്നമായ്
കാല്‍വരിക്കുന്നില്‍സ്നേഹജ്വാലയായ് ജ്വലിക്കുന്നു
ശാശ്വതമീവിശ്വത്തില്‍വഴികാട്ടിയായ്‌നില്‍പൂ

ഇന്നുമാചൈതന്യത്താല്‍തരിപ്പൂവിശ്വം നിത്യ
ജ്വാലയായെരിയുന്നുകാല്‍വരിക്കുന്നില്‍സ്നേഹം
ഈപ്രപഞ്ചത്തെയുള്ളംകൈകളില്‍വഹിച്ചീടും
ഈശ്വരന്‍സൃഷ്ടിച്ചതോമതമല്ലമര്‍ത്യനെ !

ആരതിന്നന്തസ്സാരമറിയുന്നുവോമന്നില്‍
ആമാര്ത്യനത്രേമഹാനില്ലസംശയംതെല്ലും
ആസ്നേഹസാമ്പ്രാജ്യത്തിലന്തര്‍ലീനമാംശക്തി
ആരിലുല്‍ക്കൊള്ളൂന്നുവോഅവനെപൂജിക്കേണം

നന്‍മചെയ്യുവാനറിയാത്തവര്‍വരട്ടെയീ
ചിന്മയരൂപന്‍തന്റെവന്ദ്യമാംപാദങ്ങളില്‍
അന്ധകാരത്തിന്‍ശക്തിക്കോട്ടകളോരോന്നായി
വെന്തുവെണ്ണീറായ്ത്തീരുമാപ്പുണ്ണ്യതീര്‍ഥങ്ങളില്‍

തെറ്റ്ചെയതവന്നില്ല മാപ്പവാന്‍മരിക്കേണം
ശത്രുസംഹാരംന്യായമെന്നുവിശ്വസ്സിപ്പോരെ
വരുവീനരികിലീകരുണാരസംവഴി
ഞ്ഞൊഴുകുംനസ്രായന്റെവാക്കുകള്‍‍ശ്രവിച്ചീടിന്‍

ക്ഷമിച്ചീടേണംനിങ്ങള്‍ഏഴെഴുപതുവട്ടം
സ്നേഹിക്കശത്രുക്കളെമിത്രരായ്തീര്‍ത്തീടുക
ഇവ്വിധംപിതാവിന്റെസല്പുത്രരായ്ത്തീരുക
സര്‍വവുംനന്മക്കായികൂടിവ്യാപരിച്ചീടും

കേട്ടനുസരിക്കിലോവന്നുകൂടിടുംനന്‍മ
തിട്ടമായ്‍മറുപാടായ്പോകിലോവിനാശമാം
എതിരായ് വരുംദുഷ്ടപ്പരിഷയ്ക്കൊരുതാക്കീ
തിതിലുണ്ടനുഗ്രഹനിറവിന്‍സല്പാതയും.



ചാക്കോ ഇട്ടിച്ചെറിയ, ചിക്കാഗോ
രണ്ടാംവരവു സൂക്ഷിക്കുക
-------------------------
പണ്ടു രണ്ടായിരമാണ്ടുകള്‍ക്കപ്പുറ
ത്തിണ്ടലകറ്റുവാനീയുലകില്‍
വന്നമഹാദിവ്യനേശുവേയങ്ങയെ
അന്നുമരക്കുരിശേറ്റിയില്ലേ ?

രണ്ടാമതുള്ള വരവെപ്പൊഴാണേലും
വീണ്ടുമമളി പറ്റിടരുതേ
ഇന്നുമിവിടെ ജനാധിപത്യംതന്നെ
നന്നയിയോര്‍മ്മിച്ചുകൊള്ളേണമെ

ഭൂമിയിലിന്നുള്ള മര്‍ത്യഗണങ്ങള്‍ക്കു
ഭൂരിപക്ഷം ലഭിച്ചീടുമെങ്കില്‍
സംഗതിയാകെ കുഴപ്പത്തിലായിടും
ഭംഗിവാക്കൊന്നും ഫലിക്കയില്ല

കാലുമാറ്റം വലുതായൊരുതന്ത്രമാ
ണിന്നിവിടെന്നതുമോര്‍മ്മ വേണം
ആയതാലുണ്ടെന്നുതോന്നുന്ന ധാരാള
മാളുകള്‍കാലുമാറീടും കേട്ടോ

നന്നായിനീയതറിഞ്ഞു മരിച്ചതാ
മെല്ലാവരേയുമുയര്‍പ്പിക്കുമെ
ന്നുണ്ടെങ്കില്‍മാത്ര മിവിടേയ്ക്കുവന്നിടു
അല്ലാതെകിട്ടില്ല ഭൂരിപക്ഷം

ഇനിയുമെന്തേലുമമളി പിണഞ്ഞെന്നാ
ലെന്തുപറഞ്ഞീടും ലോകരോടു
തന്നെയുമല്ലിനി വല്ലോംപറഞ്ഞാലു
മെന്തുഫലമാരു വിശ്വസിക്കും

ഇങ്ങനെകാലങ്ങളെത്ര പോയെന്നാലു
മന്നുമൊരുനല്ല പങ്കാളുകള്‍
വീണ്ടുംവരുമെന്നുവിശ്വസിച്ചാശയാല്‍
കാത്തിരുന്നീടുമതെത്രകാമ്യം!.



ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍
കാഴ്ചയുള്ള കുരുടന്‍.
----------------------

ഇവനീവഴിവക്കിലിഴയും പാവംപിച്ച
ക്കവനിന്നാരോടെല്ലാം തെണ്ടിടുന്നഹോതേങ്ങി
ആരെയുംകണ്ടില്ലൊച്ചകേട്ടുതന്‍ തിങ്ങുംകണ്ണാല്‍
നേരിയസ്വരൂപങ്ങളായവന്‍ വരച്ചുള്ളില്‍

അന്ധനായൊരുപാവംയാച്ചകനിവനൂഴീ
ലെന്തിരിക്കുന്നുവ്യഥ തന്‍കഥയല്ലാതിന്നും
ബന്ധുവാംജഗദീശനുള്ളിലെച്ചുക്കാന്പിടി
ച്ചന്ധതമാറ്റിചൊവ്വേ തന്‍രഥംതെളിച്ചീടൂ

കണ്ണുകള്‍പുറത്തുരണ്ടില്ലായ്കയാലിന്നിവ
നുള്ളിലെക്കണ്ണാല്‍കാണാമൊക്കെയുംവെടിപ്പായി
മണ്ണിലീപ്രപഞ്ചത്തിന്‍ മായകള്‍ക്കതീതമാ
യുള്ളപോലഖിലവുമുള്ളിലെക്കണ്ണാല്‍കാണ്മൂ

തൃപ്തിയില്ലകണ്ടിട്ടുംകണ്ണുകളുള്ളോര്‍ക്കൊട്ടും
വ്യക്തമല്ലരൂപങ്ങള്‍ കണ്മുന്നില്‍‍നിന്നെന്നാലും
സൃഷ്ടാവാമീശന്‍ തന്റെഭാവമില്ലല്ലോ സമ
സൃഷ്ടരില്‍കണ്ടീടുവാന്‍ദൈവത്തിന്‍വിലാസങ്ങള്‍

ഇല്ലിവനില്ലാപകയാതോരുത്തരോടും ത
ന്നല്ലലിന്‍കഥയല്ലാതില്ല ചൊല്ലുവാനൊന്നും
സര്‍വരും മാനുഷ്യരെന്നുള്ളസൌഹൃദമല്ലാ
തുര്വിയിലിവന്നില്ല ഗര്വവുമഹന്തയും

ഒന്നിലുംപ്രശംസിക്കുന്നില്ലവനൊരിക്കലും
തന്നിലുംവലിയവരാണിവനെല്ലാവരും
തന്നെയുമാവരെയുംസൃഷ്ടിച്ചദൈവത്തിന്റെ
സന്നിധിനിരന്തരംതന്നകക്കണ്ണാല്‍കാണ്മൂ

ഒന്നിവനോര്ത്തീടുമ്പോളുണ്ടു നല്ലാശ്വാസംകേള്‍
ക്കുന്നിവനാരോചൊല്ലുന്നന്തരംഗത്തില്‍ സദാ
നിന്ദ്യമാംനരകത്തില്‍രണ്ടുകകണ്ണുള്ളോനെക്കാള്‍
കാമ്യമേകടപ്പതങ്ങന്ധനായ് നാകംതന്നില്‍

ഏറുമുന്മാദത്തോടു ഗര്‍വിയാമൊരുവമ്പന്‍
സാറുപോയപ്പോള്‍തന്നെ കണ്ടുകണ്ടില്ലെന്നോണം
ഏറെനാള്‍കൊണ്ടേകഷ്ടിച്ചഷ്ടിയുംകഴിക്കാതെ
കീറമുണ്ടുമായ്പ്പോയി പിന്നെമറ്റൊരുരൂപം

കണ്ടവന്‍കനിവാര്‍ന്നിട്ടിട്ടു രണ്ടുചില്ലിക്കാ
ശുണ്ടവനനുകമ്പയുള്ളിലങ്ങെല്ലായ്പ്പോഴും
പാവമോപണക്കരനാരുമാകട്ടെ നന്‍മ
യേവമങ്ങുണ്ടാകട്ടെയെന്നവന്‍ കനിഞ്ഞോതി

നോക്കിനിന്നപ്പോള്‍നിസ്വനായഞാനെന്തെന്നില്ലാ
തോര്ക്കയായിരുന്നിവനെന്തിതുഭവിച്ചീടാന്‍
ഖേദമാണെനിക്കുള്ളിലെന്തിനിയപരാധ
ബോധമാണെനിങ്കകക്കാംപിലോര്‍ക്കുംപോഴെല്ലാം

കണ്ണുകള്‍കൊണ്ടുകാണേണ്ടുന്നത്‌ കണ്ടീടാതെ
മന്നിതിന്‍മനോഹരരൂപങ്ങള്‍ ദര്ശിക്കുംപോള്‍
എന്മാനോരധംതെളിചീടുക സത്യാത്മാവേ
ചിന്മയനാംനിന്‍രൂപംകണ്ടുകണ്ടാനണ്ടിപ്പാന്‍!.


ചാക്കോ ഇട്ടിച്ചെറിയ,ആയൂര്‍
ചിക്കാഗോ