Wednesday, December 3, 2008


ലാനയ്ക്കു സ്വാഗതം


സ്വാഗതം സ്വാഗതം ലാനയ്ക്കു സ്വാഗതം
ചിക്കാഗൊ സാഹിത്യവേദിതന്‍ സ്വാഗതം
ആഗതരാം പ്രിയ സഹ്രുദയ വൃന്ദമേ
സ്വാഗതാശംസകളര്‍പ്പിച്ചിടുന്നിതാ

മാമലനാട്ടിന്‍ സുഗന്ധവും സാക്ഷാല്‍
മലയാളഭാഷതന്‍ മാധുര്യവും
ഒത്തുചേര്‍ന്നുന്മത്തയായ്‌ ലസിക്കും ലാന
മത്താടിക്കൊള്‍ക ചിക്കാഗോയിലും

കാലങ്ങളെത്രയായീയന്ന്യ നാട്ടില്‍
കലാമൂല്യ സാഹിത്യ മാധ്യമമൊക്കെയും
നാം കാഴ്ചവയ്പൂ മലയാളഭാഷയിന്‍
നാദ സുധാര തന്‍ സംസ്കാര ഗീതികള്‍

അകലെയായിര മായിരം കാതങ്ങള്‍
ക്കപ്പുറത്തതാ കാതോര്‍ത്തു നിന്നിടൂ
അനഘയാമമ്മ കേരളം പരിചിലീ
അവസരത്തിലനുഗ്രഹാസ്സിസുമായ്‌

ജന്മനാടുവിട്ടകലെ വന്നെത്തിയീ
ജന്മമിനിയുമിവിടെക്കഴിക്കിലും
ജനനി നിന്മുലപ്പാലിന്റെ ഗന്ധമീ
ജനമിനിയും മറന്നില്ല കൈരളീ

വരിക വാനിലൊഴുകി ഹേമന്ദമായ്‌
വരമരുള്‍കയിവിടെയീ ഞങ്ങളില്‍
വാസരങ്ങള്‍ കഴിഞ്ഞെത്രയീ നാട്ടില്‍
വാസമിന്നും വിരസത തന്നെയാം

ആല്ല ഞങ്ങള്‍ മരുനാട്ടിലൊക്കെയും
അല്ലലെന്ന്യെ തെല്ലാസ്വദിച്ചീടിലും
ഇല്ലയന്ന്യധാ ചൊല്ലുവാനമ്മ തന്‍
വല്ലഭത്വമല്ലാതെ യാതൊന്നുമേ

മംഗളം ചൊല്ലി നില്‍ക്കുന്നു ഞാനുമീ
മംഗളാശിഷ വേളയില്‍ സോദരേ
കേമമായ്‌ നടന്നീടട്ടെ ചിക്കാഗോ
കേരളോല്‍സവ സാഹിത്യ സദ്യകള്‍
ആശംസാഗാനം

അനുമോദനങ്ങള്‍ -------!
അഭിവാദനങ്ങള്‍ -------!
ഐക്യവേദിക്കു ആശംസകള്‍
രജതജൂബിലി ആശംസകള്‍

ആഗതമായ്‌ സമാഗതമായ്‌
രജതജൂബിലി ആഗതമായ്‌
ആഘോഷിക്കാം ആനന്ദിക്കാം
ഏവരുമൊന്നായ്‌ ആഘോഷിക്കാം

സുന്ദര സുരഭില സുദിനമിതാ
രജതജൂബിലി സുദിനമിതാ
പുനരയ്ക്യത്തിന്‍ വേദിയിതാ
പുളകം ചാര്‍ത്തും സുദിനമിതാ

ചിക്കാഗോ വന്‍ നഗരിയതില്‍
കാല്‍നൂറ്റാണ്ടായ്‌ നാമൊന്നായ്‌
കൊളുത്തിവച്ചോരു ദീപമിതാ
പുനരയ്ക്യത്തിന്‍ ദീപമിതാ

പലപല വഴിയായൊഴുകിയ നാം
ഒരുനവ പാതയിലൊന്നായി
പലപലയരുവികളൊന്നായൊരു വന്‍
പുഴയായ്‌ പുതുവഴിയൊഴുകീടാം

പരദേശികള്‍നാമീ മണ്ണില്‍
പ്രകാശഗോപുരമായ്‌ വിളങ്ങാം
താങ്ങായ്‌ തണലായ്‌ പതിതനു പാരില്‍
തുണയായ്ത്തീരാം ബന്ധിതനും

ഉണരൂ ഉണരൂ സോദരരേ
കണി കണ്ടുണരൂ പൊന്‍പുലരി
ഏവരുമേക പിതാവിന്‍ മക്കള്‍
ഐക്യതയോടു പുലര്‍ന്നീടാം

പരനുടെ സ്നേഹത്താല്‍ നിറയാം
പ്രേരിതരായ്‌ നാം പ്രേക്ഷിതരായ്‌
പോകുക പ്രിയരേ നമുക്കു നേടാം
പുതിയോരു ലോകം ക്രിസ്തുവിനായ്‌