Monday, December 21, 2009

രണ്ടാംവരവു സൂക്ഷിക്കുക



പണ്ടു രണ്ടായിരമാണ്ടുകള്‍ക്കപ്പുറ
ത്തിണ്ടലകറ്റുവാനീയുലകില്‍
വന്ന മഹാദിവ്യനേശുവേയങ്ങയെ
അന്നു മരക്കുരിശേറ്റിയില്ലേ ?

രണ്ടാമതുള്ള വരവെപ്പൊഴാണേലും
വീണ്ടുമമളി പറ്റിടരുതേ
ഇന്നുമിവിടെ ജനാധിപത്യം തന്നെ
നന്നയിയോര്‍മ്മിച്ചുകൊള്ളേണമെ

ഭൂമിയിലിന്നുള്ള മര്‍ത്യ ഗണങ്ങള്‍ക്കു
ഭൂരിപക്ഷം ലഭിച്ചീടുമെങ്കില്‍
സംഗതിയാകെ കുഴപ്പത്തിലായിടും
ഭംഗി വാക്കൊന്നും ഫലിക്കയില്ല

കാലുമാറ്റം വലുതായൊരു തന്ത്രമാ
ണിന്നിവിടെന്നതുമോര്‍മ്മ വേണം
ആയതാലുണ്ടെന്നു തോന്നുന്ന ധാരാള
മാളുകള്‍ കാലുമാറീടും കേട്ടോ

നന്നായി നീയതറിഞ്ഞു മരിച്ചതാ
മെല്ലാവരേയുമുയര്‍പ്പിക്കുമെ
ന്നുണ്ടെങ്കില്‍ മാത്ര മിവിടേയ്ക്കു വന്നിടു
അല്ലാതെ കിട്ടില്ല ഭൂരിപക്ഷം

ഇനിയുമെന്തേലുമമളി പിണഞ്ഞെന്നാ
ലെന്തുപറഞ്ഞീടും ലോകരോടു
തന്നെയുമല്ലിനി വല്ലോം പറഞ്ഞാലു
മെന്തു ഫല മാരു വിശ്വസിക്കും

ഇങ്ങനെ കാലങ്ങളെത്ര പോയെന്നാലു
മന്നു മൊരു നല്ല പങ്കാളുകള്‍
വീണ്ടും വരുമെന്നു വിശ്വസിച്ചാശയാല്‍
കാത്തിരുന്നീടു മതെത്ര കാമ്യം
മഴവില്ലിനൊട്‌

മഴവില്ലേ വരൂ വീണ്ടും
മാരിയെത്ര മനോഹരം
ദൂരെ ചക്രവാളത്തില്‍
നിന്നേ നോക്കിയിരിപ്പു ഞാന്‍

സപ്ത വര്‍ണങ്ങളാല്‍ പാരം
ശുഭ്ര പ്രകാശ തോരണം
അഴകേ അര്‍ക്കമണ്ടലം
നിറയും കഥ ചൊല്ലു നീ

പ്രകാശ രശ്മികള്‍ തോറും
പ്രേമോജ്ജ്വലിത സമേളിതം
നിന്നെയൊളിച്ചു വയ്ക്കുന്ന
നിഗൂഡാസ്തിക്യനാരു താന്‍


മഴ മാറിത്തെളിയുമ്പോ
ളെങ്ങോ മറഞ്ഞിരിപ്പു നീ
മഴകാണാന്‍ നിനക്കെന്തേ
ഏറുമുത്സാഹമീ വിധം

എവിടെപ്പോയൊളിപ്പു നീ
എന്നേയെത്ര കളിപ്പിച്ചു
എത്ര ദൂരത്തിലാണേലും
നിന്നേക്കാണുവതുത്സുഖം

ആകാശറാണി കണ്ടത്തി
ലണിയും മുത്തു മാലയോ
അതോ കഴുത്തില്‍ നിന്നൂര്‍ന്നു
കിടക്കും രക്ന മാലയോ

എന്തു തന്നാകിലും നിന്നേ
സ്വന്തമാക്കിയെടുത്തീടാന്‍
ഹന്തഞ്ഞാ നാശകൊണ്ടെത്ര
കാത്തിരിക്കുന്നു സന്തതം

നിന്നെക്കാണുന്ന നേരത്ത്‌
നീളെ ചൊല്ലുന്നു മാനവര്‍
നീയോയോര്‍മ പുതുക്കുന്ന
നോഹയ്ക്കേകിയ വില്ലു താന്‍.



Monday, April 13, 2009

മാത്രുഭാഷയുടെ മാധുര്യം.

മലരണിഞ്ഞീടുന്ന മാമലകള്‍
മധുരസ്മിതം തൂകുമെന്റെ നാട്‌
അലയാഴി കാവലായ്‌ കാത്തു നില്‍കും
മലയാളനാടെന്റെ ജന്മനാട്‌

കളകളം പാടിയൊഴുകി ന്രുത്തം
കളിയാടിയോടുമരുവികളും
കിളികളുമിളകിപ്പറന്നു വാനില്‍
പുളകമണിയിക്കും പുണ്ണ്യനാട്‌

പലതരമായുള്ള ഭംഗി തിങ്ങും
ഫലമൂലമങ്ങു നിറഞ്ഞു മിന്നും
ഉലകത്തിനേകാന്‍ വിഭവമേറും
കലവറയാണെന്റെ ജന്മ നാട്‌

കേരളമെന്നുപേര്‍ ലോകമെങ്ങും
കേളിയേറീടും പവിത്ര നാട്‌
ധീരവീരര്‍ക്കെത്ര ജന്മമേകി
സാരസങ്കേതമാമെന്റെ നാട്‌

മലയാളമാണെന്റെ മാത്രുഭാഷ
മഹിയില്‍ മഹസ്സെഴും പുണ്ണ്യഭാഷ
മാമകജീവനില്‍ ചേര്‍ന്നിരിക്കും
മാനസ്സക്കോവിലില്‍ ഗീതമായും

മായാത്തമുദ്ര പതിച്ച ഭാഷ
മായാമയൂരമായ്‌ ന്രുത്തമാടും
മതിയായ്‌ മനസ്സില്‍ മധുരമായും
മതി,മതിയമ്മയായ്‌ നിന്നെ മാത്രം!

കതിരൊളിവീശിയെന്‍ ജീവകാലം
കാതില്‍മുഴങ്ങിടും സര്‍വകാലം
കതിരോന്റെ കിരണങ്ങള്‍ മാറിയാലും
കനകത്തിന്‍ കാന്തി കുറഞ്ഞെന്നാലും

കനവിലും കന്റിടും നിന്റെകാന്തി
കമനീയമാണെന്റെ മാത്രുഭാഷ
കവിയാക്കിയെന്നെയെന്നമ്മ ധന്യേ
കൈകൂപ്പി നമ്രനായെന്‍ശിരസ്സും

അമ്മേനിന്‍ പാദങ്ങള്‍ ഞാന്‍ നമിപ്പൂ
ചെമ്മേവിളങ്ങു നീയെന്മനസ്സില്‍
ജന്മമെനിക്കു വേറുണ്ടാകിലും
അമ്മേ നീ മാത്രമെന്‍ ജന്മഭാഷ

മറുനാട്ടിലാകിലും മാനസ്സത്തില്‍
മാത്രുസ്നേഹത്തിന്റെ മാധുര്യം പോല്‍
മറ്റൊന്നുമില്ലേയമൃതമല്ലോ
മലയാളഭഷയെന്‍ മാത്രുഭാഷ!.



ചാക്കൊ ഇട്ടിച്ചെറിയ

ചിക്കാഗൊ

Thursday, February 19, 2009

അനുശോചന പ്രമേയം

മലയാളക്കരയിലെ വിദ്യാഭ്യാസ കലാ സാംസ്കാരിക മണ്ഡലങ്ങളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച
ഒരപൂര്‍വ പ്രതിഭ ആയിരുന്നു റ.ഫാ.ഡോ.ഗീവര്‍ഗ്ഗീസ്‌ പണിക്കര്‍.
കേരള യൂണിവേര്‍സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എം.എ യും വഷിംഗ്ടണിലെ കാതലിക്‌ യൂണിവേര്‍സിറ്റിയില്‍നിന്നും പി എച്ച്‌ ഡി.യും നേടിയതിന്നു ശേഷം 1954 മുതല്‍ 1961 വരെ മാര്‍ ഇവാനിയോസ്‌ കോളെജ്‌ വൈസ്പ്രിന്‍സിപ്പലായും 1961 മുതല്‍ 1979 വരെ പ്രിന്‍സിപ്പാളായും സേവനം അനുഷ്ടിച്ചു.പണിക്കറച്ചന്റെ സേവനകാലം മാര്‍ ഇവാനിയോസ്‌ കൊളെജിന്റെ സുവര്‍ണ്ണകാലം എന്നാണു അറിയപ്പെടുന്നതു.അതില്‍ പൂര്‍വവിദ്യാര്‍ത്ഥികളായ നമുക്കേവര്‍ക്കും അഭിമാനം കൊള്ളം.മാര്‍ ഇവാനിയോസ്‌ കോളെജിനു പേരും പ്രശസ്തിയും നേടിക്കൊടുത്തു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്താപനങ്ങളുടെ മുന്‍ നിരയിലെത്തിക്കുന്നതില്‍ പണിക്കരച്ചന്‍ വഹിച്ച പങ്കു നിര്‍ണ്ണായകമായിരുന്നു.അതു ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
അനുകരണീയനായ ഒരു നല്ല ഭരണകര്‍ത്താവും,ആത്മീയ നേതാവും,ആരാലും ആദരണീയനായ ഒരു മനുഷ്യ സ്നേഹിയുമായിരുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ പണിക്കരച്ചന്റെ നിര്യാണത്തില്‍ വടക്കേ അമേരിക്കയിലുള്ള എല്ലാ അസ്സോസ്സിയേഷന്‍ ഓഫ്‌ മാര്‍ ഇവാനിയോസ്‌ കോളെജ്‌ ഓള്‍ഡ്‌ സ്റ്റുഡെന്റ്സ്‌ (അമികോസ്‌) ന്റെയും ഹ്രുദയപൂര്‍വമായ ഖേദവും അനുശോചനവും ഞങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.

അമികോസ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്കയ്ക്കു വേണ്ടി
സാബു തോമസ്‌ പ്രസിഡന്റ്‌
ജോസഫ്‌ കുന്നേല്‍ സെക്രട്ടറി
പൂതക്കല്ലില്‍ അബ്രഹാം ട്രഷറര്‍
മീത്തു ഷാജി ജോയിന്റ്‌ സെക്രട്ടറി
നിബു നിക്കലാവോസ്‌ ജോയിന്റ്‌ ട്രഷറര്‍
ചാക്കൊ ഇട്ടിച്ചെറിയ ബോര്‍ഡ്‌ മെംബര്‍
വര്‍ഗ്ഗീസ്‌ ചാക്കൊ ബോര്‍ഡ്‌ മെംബര്‍