Monday, December 21, 2009

രണ്ടാംവരവു സൂക്ഷിക്കുക



പണ്ടു രണ്ടായിരമാണ്ടുകള്‍ക്കപ്പുറ
ത്തിണ്ടലകറ്റുവാനീയുലകില്‍
വന്ന മഹാദിവ്യനേശുവേയങ്ങയെ
അന്നു മരക്കുരിശേറ്റിയില്ലേ ?

രണ്ടാമതുള്ള വരവെപ്പൊഴാണേലും
വീണ്ടുമമളി പറ്റിടരുതേ
ഇന്നുമിവിടെ ജനാധിപത്യം തന്നെ
നന്നയിയോര്‍മ്മിച്ചുകൊള്ളേണമെ

ഭൂമിയിലിന്നുള്ള മര്‍ത്യ ഗണങ്ങള്‍ക്കു
ഭൂരിപക്ഷം ലഭിച്ചീടുമെങ്കില്‍
സംഗതിയാകെ കുഴപ്പത്തിലായിടും
ഭംഗി വാക്കൊന്നും ഫലിക്കയില്ല

കാലുമാറ്റം വലുതായൊരു തന്ത്രമാ
ണിന്നിവിടെന്നതുമോര്‍മ്മ വേണം
ആയതാലുണ്ടെന്നു തോന്നുന്ന ധാരാള
മാളുകള്‍ കാലുമാറീടും കേട്ടോ

നന്നായി നീയതറിഞ്ഞു മരിച്ചതാ
മെല്ലാവരേയുമുയര്‍പ്പിക്കുമെ
ന്നുണ്ടെങ്കില്‍ മാത്ര മിവിടേയ്ക്കു വന്നിടു
അല്ലാതെ കിട്ടില്ല ഭൂരിപക്ഷം

ഇനിയുമെന്തേലുമമളി പിണഞ്ഞെന്നാ
ലെന്തുപറഞ്ഞീടും ലോകരോടു
തന്നെയുമല്ലിനി വല്ലോം പറഞ്ഞാലു
മെന്തു ഫല മാരു വിശ്വസിക്കും

ഇങ്ങനെ കാലങ്ങളെത്ര പോയെന്നാലു
മന്നു മൊരു നല്ല പങ്കാളുകള്‍
വീണ്ടും വരുമെന്നു വിശ്വസിച്ചാശയാല്‍
കാത്തിരുന്നീടു മതെത്ര കാമ്യം
മഴവില്ലിനൊട്‌

മഴവില്ലേ വരൂ വീണ്ടും
മാരിയെത്ര മനോഹരം
ദൂരെ ചക്രവാളത്തില്‍
നിന്നേ നോക്കിയിരിപ്പു ഞാന്‍

സപ്ത വര്‍ണങ്ങളാല്‍ പാരം
ശുഭ്ര പ്രകാശ തോരണം
അഴകേ അര്‍ക്കമണ്ടലം
നിറയും കഥ ചൊല്ലു നീ

പ്രകാശ രശ്മികള്‍ തോറും
പ്രേമോജ്ജ്വലിത സമേളിതം
നിന്നെയൊളിച്ചു വയ്ക്കുന്ന
നിഗൂഡാസ്തിക്യനാരു താന്‍


മഴ മാറിത്തെളിയുമ്പോ
ളെങ്ങോ മറഞ്ഞിരിപ്പു നീ
മഴകാണാന്‍ നിനക്കെന്തേ
ഏറുമുത്സാഹമീ വിധം

എവിടെപ്പോയൊളിപ്പു നീ
എന്നേയെത്ര കളിപ്പിച്ചു
എത്ര ദൂരത്തിലാണേലും
നിന്നേക്കാണുവതുത്സുഖം

ആകാശറാണി കണ്ടത്തി
ലണിയും മുത്തു മാലയോ
അതോ കഴുത്തില്‍ നിന്നൂര്‍ന്നു
കിടക്കും രക്ന മാലയോ

എന്തു തന്നാകിലും നിന്നേ
സ്വന്തമാക്കിയെടുത്തീടാന്‍
ഹന്തഞ്ഞാ നാശകൊണ്ടെത്ര
കാത്തിരിക്കുന്നു സന്തതം

നിന്നെക്കാണുന്ന നേരത്ത്‌
നീളെ ചൊല്ലുന്നു മാനവര്‍
നീയോയോര്‍മ പുതുക്കുന്ന
നോഹയ്ക്കേകിയ വില്ലു താന്‍.