Sunday, December 4, 2011

സാരോപദേശങ്ങള്‍.
=================

പരമീശ്വരഭക്തി പിന്നെനല്‍ ‍
പൊരുളായ്ജ്ഞാനമുദിച്ചിടുന്നതും
പരിചില്‍പകവിട്ടുനാം മുദാ
നരരോടോത്തു വസിച്ചിടുന്നതും

വിനയം,ക്ഷമ,സ്നേഹമെന്നിവ
ധനമായെണ്ണിയലങ്കരിപ്പതും
തരുമേസുകൃതം ഇഹത്തിലും
തരുമാനന്ദമനന്തതയിലും

കരകാണാക്കടലിപ്രപഞ്ചമൊ
ട്ടെരിയുംമാനസമുള്ളിലും തഥാ
ഇവരണ്ടിനുമദ്ധ്യെകായമ
ങ്ങവിരാമംപിടയുന്നു കഷ്ടമേ!.

പലമാതിരി ദുഷ്ടചിന്തകള്‍
ക്കുലയാനിന്‍മനമൊട്ടുപോലുമേ
നിലനീയറിയേണമില്ലയേല്‍
തലയാലെന്തുപയോഗമിധരെ

പലവാണികള്‍ കേട്ടിരിക്കിലും
ഫലവത്താമിവ നീഗ്രഹിക്കുകില്‍
മതിചെര്‍ന്നോഴുകും വചസ്സുകള്‍
ക്കതിമാനംവരൂമോര്‍ത്തുനോക്കുകില്‍

കുരുവായ്ത്തന്നെയിരിക്കിലോ പെരും
തരുവായ്ക്കാണുവതാരുഭൂമിയില്‍
കരുതേണമവയ്ക്കുകാലവും
അവനീതന്നവലംഭവും ശുഭം

കടുവാക്കുകള്‍ചൊല്ലിടാ മനം
കഠിനപ്പെട്ടു കഴിഞ്ഞുകൂടൊലാ
കരുതീടുകമിത്രരായ് സദാ
ഒരുമിച്ചിഭുവി വാഴുമാന്യരെ

വിടുവാക്കുകള്‍തട്ടിവിട്ടു നല്‍‍
പടുവായങ്ങുനടിക്കുമാ മഹാ
വിടനൊത്തുരമിക്കൊലാ തുലോം
കിടിലംകൊണ്ടുവിറപ്പു ധാത്രിയും

കൂട്ടംവിട്ടുനടക്കൊലാ വെറും
കൂട്ടിന്നാരെയുമാശ്രയിക്കൊലാ
കൂട്ടയങ്ങുകഴിഞ്ഞുപോകയില്‍
കൂട്ടത്തില്‍ കുതികാലുവെട്ടൊലാ

പരദൂഷണമൊന്നുമേ പറ
ഞ്ഞരിയോരാകിലുമാസ്വദിക്കൊലാ
പരനേകനനിഷ്ടമക്കഥ
പറയാനില്ലപമാനവും വരും

ഒരുമിച്ചുവസ്സിക്കിലും സഖി
പെരുതാകുംതുണയെന്നിരിക്കിലും
മതിവിട്ടുനടന്നിടുന്ന ശ്രീ
മതിയെത്തള്ളൂക താമസംവിനാ

ദുഷ്ടന്മാരൊടടുക്കാലാ തുലോം
ശിഷ്ടന്മാരൊടകന്നുനില്‍ക്കൊലാ
സ്പഷ്ടംനാമാറിയേണ മീവക
കഷ്ടംവന്നിടുമല്ലയായ്കിലോ

കരുതീടേണമറിഞ്ഞുനാം വൃഥാ
കളയാതോതിയ നല്ലവാക്കുകള്‍
ഗുണരായവര്‍ മൂലമിന്നുസല്‍
ഗുണരായ്നാം വളരേണമൂഴിയില്‍

മലവേടനുമുണ്ട് മാനസ്സം
മതിവേണംഗതിനേരെയാക്കുവാന്‍
മരിയാദവെടിഞ്ഞുനാം തുലോം
മറുപാടായ് പരനീഷലേകൊലാ

തരുപല്ലവമൊത്തു താരിളം
തളിരായ്ക്കണ്ടൊരു പുല്‍ച്ചെടിവശാല്‍
തൊടുവാനിടയായതാല്‍ കരം
നെടുതായങ്ങുചൊറിഞ്ഞുവശ്യനായ്

ഒരുകാലത്ത് നമുക്കുനല്ലതായ്
പുരുമോദത്തൊടു പാര്‍ത്തിരുന്നതാം
മനുജേനങ്ങുമറുത്തുവന്നു വന്‍
വിനയായ്ത്തീര്‍ന്നിടുമോര്‍ക്കണംസദാ

ഒരുപാത നിനക്കുനല്ലതായ്
കരുതീനീഗമനംതുടങ്ങിയാല്‍
വരുമായതിനന്ത്യമൊന്നിതാ
മരണത്തിന്‍വഴിയെത്തിനില്പ്പുനീ

ഭൂലോകത്തെയടക്കി വാണിടാം
മേലോകത്തിലുയര്‍ന്നു പൊങ്ങിടാം
കാലേനിന്‍കഥചൊല്ലിടാം മന
മീലോകത്തിലടങ്ങിലാര്‍ക്കുമേ!.


ചാക്കോ ഇട്ടിച്ചെറിയ , ആയൂര്‍

No comments: