Thursday, September 30, 2010

കലികാല നാട്ടുവിശേഷം.
---------------------------.
കാലം കലികാലമായ് മാറിയായതാല്‍
കോലം മറിഞ്ഞു കീഴ്മേലായി കഷ്ടമേ
നാട്ടിന്‍ കിടപ്പതു മാറിയെല്ലാടവും
നാട്ടാരുടെ നടപ്പോപ്പമായ് തീര്ന്നഹോ

കാടും വനങ്ങളും നാടായി മാറിയീ
നാട്ടിന്‍ പുറങ്ങളോ മാറി നഗരമായ്
ഊടുവഴികള്‍ ഇന്നൊക്കെയും പാതകള്‍
പാതകളൊക്കെ വന്‍ വീഥികളായഹോ

ഓലകള്‍ മേഞ്ഞുള്ള ചെറ്റപ്പുരകളും
ഓടിട്ട വീടായ്പ്പരിണമിച്ചീടവേ
ഓടുകള്‍ പേറി വിളങ്ങിയ വീടുകള്‍
വന്‍ മാളികകളായ്‌ രമ്യഹര്‍മ്യങ്ങളായ്‌

നാട്ടിന്നു മോടി പിടിപ്പിച്ചിതേവിധം
വീട്ടിലും നാട്ടിലും സമ്പല്‍ സമൃദ്ധിയായ്
ഈശ്വരനാമം ജപിപ്പതു കേവലം
മോശപ്പണിയായ്‌ പരിഗണിച്ചാളുകള്‍

അല്ലെങ്കിലെന്തിനായ് ഈശ്വരന്‍ പേരിനായ്‌
അല്ലലില്‍ത്തന്നെ കിടപ്പവര്‍ക്കീശ്വരന്‍
വല്ലപാടും നമ്മളൊന്ന് കാരേറിയാല്‍
തെല്ലും വിധി ഭാഗ്യ മെന്നൊക്കെയോതിടും

തിന്നു കുടിച്ചു സന്തുഷ്ടരായ് നാമിന്നു
മന്നില്‍മദാലസരായ് കഴിഞ്ഞീടുക
നാളെ മരിക്കു മതിനാലെയിദ്ദിനം
മേളമായ് തന്നെ കഴിക്കാം അടിപോളി

ഈവിധ ചിന്തയാ ലേവം ജനതതി
ജീവിതമോരോ വിധത്തില്‍ നയിക്കവേ
ഉല്‍കൃഷ്ടമായവ ഒന്നും കുരുക്കാത്ത
ഉള്ളിലെ ചേതന ശുഷ്കിച്ചു നില്കയായ്

ഈശ്വര ചൈത ന്യമില്ല ഭവനത്തി
ലില്ല സന്തുഷ്ടി കുടുംബത്തിലാര്‍ക്കുമേ
താന്താന്‍ വഴിക്ക് തിരിഞ്ഞുപോയേവരും
സ്വാര്‍ത്ഥത കൈമുതലാക്കി ക്കഴിഞ്ഞവര്‍

വീട്ടിന്‍ വിളക്കായ്‌ ക്കഴിഞ്ഞ തരുണികള്‍
നാട്ടില്‍ ചരിക്കാന്‍ വിരുതരായ് തീര്ന്നഹോ
വീട്ടിന്നു നാഥരായ്പ്പോന്ന പുരുഷര്‍
വിളറിച്ഛടച്ചു നടക്കയായ് വീഥിയില്‍

കുട്ടികള്‍ വീട്ടിന്നനുഗ്രഹ്മായവര്‍
മട്ടൊന്ന് മാറിക്കുതറി നടക്കയായ്
കൂട്ടിന്നു കൊള്ളാത്ത പെണ്ണുങ്ങള്‍ നാട്ടിലെ
ചേഷ്ടകളൊക്കെപഠിച്ചു നശിക്കയായ്

പുത്തന്‍ പരിഷ്കാര വൈവിദ്ധ്യ പാതയില്‍
ചിത്തം കലുഷമായ്ത്തീര്‍ന്നു നാടെങ്ങുമേ
പുത്തന്‍ തലമുറക്കില്ല നല്കീടുവാ
നിത്തവ്വിലെങ്ങുപോയ് മൂല്യങ്ങളൊക്കെയും

മാതാപിതാക്കള്‍ ഗുരുക്കള്‍ വയോധികര്‍
മുത്തശ്ശിമാര്‍ മത നേതാക്കളൊക്കെയും
ഇന്ന് ബഹിഷ്ക്രുതര്‍ ദൈവവും ദേവനും
ഒന്നുമേയില്ലാത്ത താന്തോന്നി ജീവിതം

കാശാണ് ദൈവമെന്നുള്ളിലുരുവിട്ടു
കാശിനായെന്തെന്തതിക്രമം ചെയ്യുവോര്‍
ഈശനേ വിറ്റു കാശാക്കിയനാകുലം
കാശിക്കു പോകുന്നനുഗ്രഹം നേടുവാന്‍

പള്ളി ദേവാലയ മമ്പല മോസ്കുകള്‍
ക്കുള്ളില്‍ കടന്നു നീ നേര്‍ച്ചകള്‍ കാഴ്ചകള്‍
നല്കിയെന്നാകിലഖിലാണ്ട നായകന്‍
നീട്ടുമോ തന്‍കരം നിന്‍മനം കാണുവോന്.

പാലിക്ക ഈശ്വരന്‍ തന്നോരു കല്പന
സ്നേഹിക്ക മര്ത്യരെ നോവുമാത്മാക്കളെ
ജീവന്‍റെ നാഥന്‍ കനിഞ്ഞേകി നന്‍മകള്‍
മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്കീടുവാന്‍.

No comments: