Sunday, September 21, 2008




ഉച്ച നീചത്വം

ഉഷസ്സേ നമസ്കാരം
ഊഷ്മള പ്രഭാതമേ
ഉയിര്‍കൊണ്ടെഴുന്നേല്‍പ്പൂ
ഉലകത്തില്‍ സര്‍വവും

ഉദയ സൂര്യന്‍ തന്റെ
ഉജ്ജ്വല പ്രഭാവത്തില്‍
ഉദ്വേഗമല്ലയോ ജീവന്‍
ഉള്ളതിനെല്ലാറ്റിന്നും

ഊര്‍ധ്വമാം നയനങ്ങള്‍
ഊന്നിയീശ്വരധ്യാനം
ഉറ്റിരിപ്പതില്ലയോ
ഉദ്ബുദ്ധരായോരെല്ലം

ഉദ്ധാനം ചെയ്യട്ടെ നിന്‍
ഉയിരും പാരില്‍ സഖേ
ഉത്തമന്മാരായുണ്ടോ
ഉലകത്തിലാരാനും

ഊരിയ വാളാല്‍ മര്‍ത്യന്‍
ഉറ്റ മിത്രരേയും പാല്‍
ഊട്ടിയ മാതാവേയും
ഊറ്റമോടറുത്തീടാന്‍

ഉള്ളതില്ലല്ലോ മടി
ഊരിലിന്നെന്തേ കണ്മൂ
ഊമനും മനുഷ്യത്വം
ഉച്ചരിക്കാന്‍ കാലമായ്‌

ഉത്തരം മുട്ടിക്കുന്നോര്‍
ഉന്മാദ വികടന്മാര്‍
ഊനമെന്നിയേവാഴൂ
ഊഴിയില്‍ ജഗദീശാ

ഉള്ളതിന്‍ പങ്കേകീടാന്‍
ഊര്‍ജവും പകര്‍ന്നീടാന്‍
ഉള്ളിലെ ചേതോശക്തി
ഉറക്കെ പറഞ്ഞിട്ടും

ഉന്നത ഭാവം കാട്ടി
ഉല്ലാസഘോഷം നാട്ടി
ഉച്ചനീചത്വം തന്നെ
ഉള്ളതിപ്പോഴും പാരില്‍

No comments: