Sunday, September 14, 2008

മധുരപ്പതിനേഴു
പ്രായം പതിനേഴിലെത്തി നില്‍ക്കും
പ്രാവിന്‍ പരിശുദ്ധിയേന്തി നില്‍ക്കും
പ്രിയേ പ്രണയത്തരുക്കള്‍ നീളെ
പ്രേമോജ്ജ്വലം നീ പറന്നു നീങ്ങും
കണ്ടാല്‍ കൊതിക്കുന്ന കാലമല്ലോ
കാണാതിരിക്കില്ല യാതൊരുത്തര്‍
കണ്‍കോണിണകളാല്‍ കാണ്മതെല്ലാം
കാര്‍വേണി സ്വന്തമായ്‌ തീര്‍ക്കുമല്ലോ
അല്ലാ മരീചിക ന്രുത്തമാടും
ചില്ലീയുഗങ്ങളിളകിയാടും
ഫുല്ലാബ്ജമല്ലയോ നിന്നിലാകെ
മല്ലാക്ഷിയാളേ തെളിഞ്ഞു കാണ്മൂ
നിന്‍പാദ താരുകള്‍ നീട്ടിവയ്ക്കും
നീളെ നീ നീങ്ങുമിടത്തിലെല്ലാം
നിര്‍വൃതി തന്‍ നീണ്ട നിശ്വാസങ്ങള്‍
നിര്‍മ്മലേ നിന്നെ പുണരുമല്ലോ!
ആകാര കാന്തിയങ്ങാളി നില്‍ക്കും
അംഗനേ നിന്നംഗഭംഗി കണ്ടാല്‍
ഭംഗം വരുമേതു മാനവന്നും
ഇംഗിതത്തിന്നില്ല മാറ്റമേതും!
മാമുനിയാട്ടെ മാന്‍പേടയാട്ടെ
മാനവജാതിയിലാരുമാട്ടെ
മയിലാട്ടെ,കുയിലാട്ടെ,മാരനാട്ടെ
മിഴിയുള്ളവര്‍ നട്ടു നിന്നുപോകും
വിശ്വം മുഴുവന്‍ വിളങ്ങി നില്‍ക്കും
വശ്യവൈചിത്ര്യം വഴിഞ്ഞു നില്‍കും
വിസ്മയം കൂറിടു മേതൊരാളും
വിശ്വൈക ശില്‍പി തന്‍ വൈഭവത്തില്‍!
നിന്‍ കാല്‍ച്ചിലമ്പോലി തൊട്ടുണര്‍ത്തൂ
നിദ്രയിലാണ്ട താപസ്സനെയും

നിന്‍ കുളിരേറ്റു തരിച്ചു നില്‍പൂ
നിത്യം ലഹരിയില്‍ മുങ്ങി വിശ്വം!

1 comment:

Itticheria Chicago said...
This comment has been removed by the author.